കേരളാ ഇലക്ട്രിക്കല്‍ & അലൈഡ് എന്‍ജിനീയറിംഗ് കമ്പനി ലിമിറ്റഡ് (കെഇഎല്‍), ഇന്ത്യന്‍ സംസ്ഥാനമായ കേരളത്തില്‍ 1964-ല്‍ സ്ഥാപിക്കപ്പെട്ടു. കെഇഎല്‍, കേരള സര്‍ക്കാരിന്‍റെ പൂര്‍ണ്ണഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിവിധോല്‍പന്ന കമ്പനിയാണ്. സംസ്ഥാനത്തിന്‍റെ വിവിധജില്ലകളില്‍ സ്ഥിതി ചെയ്യുന്ന അഞ്ച് ഉല്‍പാദനശാലകളിലൂടെ ഈ ഐഎസ്സ്ഒ 9001 : 2000 സര്‍ട്ടിഫൈഡ് കമ്പനി അടിസ്ഥാനപരമായ എഞ്ചിനീയറിംഗ് സേവനങ്ങളും/ഉല്‍പന്നങ്ങളും ലഭ്യമാക്കുന്നു. അതുകൂടാതെ, ഉന്നതശ്രേണിയിലുള്ള വിവിധ പ്രതിരോധസ്ഥാപനങ്ങള്‍ക്കു വേണ്ടി ദേശീയപ്രാധാന്യം ഉള്ള പല പദ്ധതികളുടെ നിര്‍വ്വഹണവും കെഇഎല്‍ നടത്തിവരുന്നുണ്ട്.

പൊതു ആവശ്യങ്ങള്‍ക്കുതകുന്ന ബ്രഷ് ലെസ്സ് ആള്‍ട്ടര്‍നേറ്റര്‍, റെയില്‍കോച്ചുകളിലെ ലൈറ്റിംഗിനും എയര്‍കണ്ടീഷനിംഗിനും ആവശ്യമായ ബ്രഷ് ലെസ്സ് ആള്‍ട്ടര്‍നേറ്റര്‍, മീഡിയം പവര്‍ ട്രാന്‍സ്ഫോര്‍മറുകള്‍, കൂടാതെ സ്ട്രക്ച്ചറല്‍ ഉരുക്കുനിര്‍മ്മിതികള്‍, എന്നിങ്ങനെ നിരവധി ഉല്‍പന്നങ്ങളുടെ ഉല്‍പാദനവും വിപണനവും കെഇഎല്‍ നിര്‍വ്വഹിക്കുന്നുണ്ട്.

പ്രതിരോധാവശ്യങ്ങള്‍ക്കുള്ള ഉല്‍പന്നവിഭാഗങ്ങളില്‍, ഉന്നതആവര്‍ത്തി ആള്‍ട്ടര്‍നേറ്ററുകള്‍, ഫ്രീക്വന്‍സി കണ്‍വര്‍ട്ടറുകള്‍, പ്രത്യേകാവശ്യങ്ങള്‍ക്കുള്ള ആള്‍ട്ടര്‍നേറ്ററുകള്‍, മിസ്സൈല്‍ പ്രോജക്റ്റുകള്‍ക്കാവശ്യമായ പവര്‍പായ്ക്കുകള്‍, എന്നിവ ഉള്‍പ്പെടുന്നു. ഫാല്‍ക്കണ്‍, പൃഥ്വി, തൃശ്ശൂല്‍, ആകാശ് എന്നീ മിസ്സൈല്‍ പ്രോജക്റ്റുകള്‍ക്കുവേണ്ടി കെഇഎല്‍ രൂപകല്‍പന നല്‍കി നിര്‍മ്മിച്ചുകൊടുത്ത പവര്‍പായ്ക്കുകള്‍, അവയുടെ സാങ്കേതികയില്‍ പുതിയ വഴിത്താരകള്‍ തെളിയിച്ച പരിശ്രമങ്ങളാണ്. സൈനിക പവര്‍ കാറുകള്‍ക്കായി കരസേനയ്ക്കും, റഡാര്‍ ആപ്ലിക്കേഷനുകള്‍ക്കായി വ്യോമസേനയ്ക്കും കമ്പനി നിര്‍മ്മിച്ചുനല്‍കിയ പ്രത്യേക ആള്‍ട്ടര്‍നേറ്ററുകളും എടുത്തുപറയേണ്ട ഉല്‍പന്നങ്ങളാളത്രേ.

കമ്പനിയുടെ അഖിലേന്ത്യാവിപണന ശൃംഖല എല്ലാ മെട്രോകളിലും സ്ഥാപിച്ചിട്ടുള്ള പ്രാദേശിക ഓഫീസുകളില്‍ അധിഷ്ടിതമാണ്. ഈ ഓഫീസുകളിലൂടെ പൊതു വിപണിയിലെ ആവശ്യക്കാര്‍, സംസ്ഥാന വൈദ്യുത ബോര്‍ഡുകള്‍, ഭാരതീയ റെയില്‍വേ, വിവിധ പ്രതിരോധ സ്ഥാപനങ്ങള്‍, എന്നീ പ്രമുഖ ഉപഭോക്തൃ വിഭാഗങ്ങളുടെ ആവശ്യങ്ങള്‍, കെഇഎല്‍ നിറവേറ്റുന്നു.

together